ഉച്ചയുറക്കം നല്ലതാണോ അതോ ആരോഗ്യത്തിന് മോശമാണോ ?
പലരും ഉച്ചയുറക്കം നല്ലതല്ലെന്ന് വാദിക്കാറുണ്ട്. ഇത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും അലസയുണ്ടാകുമെന്നുമെല്ലാം ഇവര്‍ ചൂണ്ടിക്കാട്ടാം. അതേസമയം മറ്റ് ചിലരാകട്ടെ ഉച്ചയുറക്കം നല്ലതാണെന്ന വാദത്തിലും നില്‍ക്കാറുണ്ട്. എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം? സത്യത്തില്‍ ഉച്ചയ്ക്ക് ശേഷം ഒന്ന് ഉറങ്ങിയെഴുന്നേല്‍ക്കുന്നത് നല്ലതാണെന്നാണ് 'സ്ലീപ് സ്‌പെഷ്യലിസ്റ്റുകള്‍' തന്നെ പറയുന്നത്. രാവിലെ തന്നെ ഉണര്‍ന്ന് കൃത്യമായി ആ ദിവസത്തെ ജോലികളെല്ലാം ചെയ്ത് സജീവമായി നില്‍ക്കുന്നവരെ സംബന്ധിച്ചാണ് ഉച്ചയുറക്കം ആവശ്യമായി വരുന്നത്.
'ഉച്ചയുറക്കത്തിന് പല ഗുണങ്ങളുമുണ്ട്. നമ്മുടെ ബുദ്ധിശക്തി, പ്രത്യേകിച്ച് ജാഗ്രത ഫലപ്രദമായി പ്രവര്‍ത്തിക്കും. ജോലികള്‍ നല്ലരീതിയില്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കും. ഒരു പരിധി വരെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ പോലും ഉച്ചയുറക്കം സഹായകമാണ്...'- ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള 'സ്ലീപ് സയന്റിസ്റ്റ്' ഡോ റെബേക്ക റോബിന്‍സ് പറയുന്നു. മാനസികസമ്മര്‍ദ്ദങ്ങള്‍ ( സ്‌ട്രെസ്) അകറ്റാനും, ഹൃദയസംബന്ധമായ രോഗങ്ങളെ അകറ്റിനിര്‍ത്താനും, വൈകാരികപ്രശ്‌നങ്ങളെ നിയന്ത്രണത്തിലാക്കാനുമെല്ലാം ഉച്ചയുറക്കം സഹായകമാണ്. ഭാവിയില്‍ അല്‍ഷിമേഴ്‌സ് പോലുള്ള മറവിരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതകളെ കുറയ്ക്കാന്‍ പോലും ഉച്ചയുറക്കം സഹായിക്കുമത്രേ.
എന്നാല്‍ എത്ര നേരമാണ് നാം ഉറങ്ങുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. രാത്രി ഉറങ്ങാതെ ആ ഉറക്കത്തെ പകലുറക്കം അഥവാ ഉച്ചയുറക്കത്തിലൂടെ തിരിച്ചെടുക്കാമെന്ന് ചിന്തിക്കരുത്. അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുപോലെ പതിവായി ഉറക്കപ്രശ്‌നങ്ങള്‍ (ഇന്‍സോമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍) ഉള്ളവരും പകല്‍ ഉറങ്ങാതിരിക്കുന്നതാണ് നല്ലത്. ഉച്ചയുറക്കമാണെങ്കില്‍ അത് ഒന്നുകില്‍ 15-20 മിനുറ്റിനുള്ളില്‍ തീര്‍ക്കുക. അല്ലെങ്കില്‍ 90 മിനുറ്റ് എടുക്കുക. ഇതാണ് നല്ലത്. ഇതിനിടയ്ക്കുള്ള സമയത്ത് ഉണരുമ്പോള്‍ ഉന്മേഷത്തിന് പകരം അസ്വസ്ഥത തോന്നാനുള്ള സാധ്യതകളേറെയാണ് അതിന് കാരണവുമുണ്ട്. നമ്മള്‍ ഒരു സ്ലീപ് സൈക്കിള്‍ പൂര്‍ത്തിയാക്കുന്നത് 90 മിനുറ്റ് കൊണ്ടാണത്രേ.
ഇതില്‍ ആദ്യ അര മണിക്കൂര്‍ കഴിയുമ്പോഴേക്ക് നല്ല ഉറക്കത്തിലേക്ക് കടക്കുന്നു. ഇനി ഈ ഉറക്കത്തിന്റെ സുഖം പൂര്‍ണമാകണമെങ്കില്‍ സൈക്കിള്‍ പൂര്‍ത്തിയാക്കുക തന്നെ വേണം. അതല്ലെങ്കില്‍ അപൂര്‍ണമായ ഉറക്കത്തിന്റെ ആലസ്യം വേട്ടയാടാം. ഉച്ചയുറക്കം ഒരിക്കലും നീട്ടിക്കൊണ്ടുപോകരുത്. അതുപോലെ ശല്യങ്ങളേതുമില്ലാതെ ഉറങ്ങാന്‍ അനുയോജ്യമായ സാഹചര്യമൊരുക്കി വേണം ഉച്ചയുറക്കം. അല്ലെങ്കില്‍ ആ ഉറക്കം കൃത്യമാവുകയുമില്ല അതിന് ഫലം കാണുകയുമില്ല.